തത്സമയ മത്സരങ്ങൾ — കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ

തത്സമയ മത്സരങ്ങൾ — കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ
കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ

(B) തത്സമയ മത്സരങ്ങൾ — On the Spot Competitions

19 മത്സര ഇനങ്ങൾ | വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം | NSDC India Skills-ലേക്കുള്ള ചവിട്ടുപടി

📝 രജിസ്റ്റർ ചെയ്യുക
മത്സര ഇനം 1

വാല്യു ആഡഡ് മിൽക്ക് പ്രോഡക്റ്റ്സ് Plan — Prepare — Present

പാൽ ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ മത്സര സ്ഥലത്ത് വച്ച് പൂർത്തിയാക്കാൻ കഴിയുന്ന ഭക്ഷ്യയോഗ്യവും ഗുണമേന്മയുമുള്ള ഉത്പന്നങ്ങളുടെ നിർമ്മാണമാണ് ഈ മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. മത്സര സമയത്ത് ലഭിക്കുന്ന നിർദ്ദേശമനുസരിച്ച് താഴെ പറയുന്ന പാലുൽപ്പന്നങ്ങളിൽ ഏതെങ്കിലും ഒന്ന് നിർമ്മിക്കുകയും അവ ഉപയോഗിച്ച് വിവിധ വിഭവങ്ങൾ തയ്യാറാക്കുകയും ചെയ്യേണ്ടതാണ്.

തയ്യാറാക്കേണ്ട ഉൽപ്പന്നങ്ങൾ:

  • a) പനീർ
  • b) ഖോവ

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി 3 മണിക്കൂറായിരിക്കും.
  • പരമാവധി 2 ലിറ്റർ പാൽ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളാണ് തയ്യാറാക്കേണ്ടത്.
  • വ്യക്തി ശുചിത്വവും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രയോഗവും നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പാലിക്കേണ്ടതാണ്.
  • ഉത്പന്ന നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
  • ഹരിത ചട്ടങ്ങൾ പ്രക്രിയയിലുടനീളം പാലിക്കേണ്ടതാണ്.
  • വൈദ്യുതി, ഗ്യാസ്, മൂർച്ചയുള്ള ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ അത്യന്തം സൂക്ഷ്മത പുലർത്തേണ്ടതാണ്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. ഉത്പന്നം തയ്യാറാക്കുന്നതിനുള്ള അധ്വാനഭാരവും വൈദഗ്ധ്യവും പൂർത്തീകരണവും 30
  2. തയ്യാറാക്കുന്ന ഉൽപ്പന്നങ്ങളുടെ വൈവിധ്യം, പുതുമ, പോഷക-വിലയ നിലവാരം 30
  3. ഉത്പന്നം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള അറിവ് 20
  4. തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ മനോഹരമായ ക്രമീകരണവും അവതരണവും 20
മത്സര ഇനം 2

തെറാപ്യൂട്ടിക് ഡയറ്റ് Plan — Prepare — Present

പ്രത്യേകം ഭക്ഷണക്രമം ആവശ്യമായ രക്താതിസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം എന്നീ രോഗാവസ്ഥകളിൽ രോഗികൾക്കുള്ള ഒരുദിവസത്തെ ഭക്ഷണക്രമം പ്ലാൻ ചെയ്യുകയും അവയിൽ നിന്ന് മത്സര സമയത്ത് ലഭിക്കുന്ന നിർദ്ദേശമനുസരിച്ചുള്ള വിഭവം തയ്യാറാക്കുകയും വേണം. സമയ പരിധിക്കുള്ളിൽ ഭക്ഷണ ക്രമം പ്ലാൻ ചെയ്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിർദ്ദേശിത വിഭവങ്ങൾ തയ്യാറാക്കി, ആകർഷകമായ രീതിയിൽ പ്രദർശിപ്പിക്കുവാനുള്ള കഴിവ് വിലയിരുത്തുന്നു. മേൽപ്പറഞ്ഞ രോഗാവസ്ഥകളിൽ നിന്ന് ഭക്ഷണക്രമം പ്ലാൻ ചെയ്യേണ്ട രോഗാവസ്ഥ ഏതെന്നും ഏത് വിഭവമാണ് തയ്യാറാക്കേണ്ടതെന്നുമുള്ള വിവരങ്ങൾ മത്സര സമയത്ത് ലഭ്യമാക്കുന്നതാണ്.

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി 2 മണിക്കൂറായിരിക്കും.
  • മത്സരത്തിനാവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും മത്സരാർത്ഥികൾ തന്നെ കൊണ്ട് വരേണ്ടതാണ്.
  • മത്സരത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
  • വൈദ്യുതി, ഗ്യാസ്, മൂർച്ചയുള്ള ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ അത്യന്തം സൂക്ഷ്മത പുലർത്തേണ്ടതാണ്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. നൽകിയിരിക്കുന്ന രോഗാവസ്ഥയുടെ പ്രത്യേകതകൾ പരിഗണിച്ച് അനുയോജ്യമായ ഭക്ഷണക്രമം പ്ലാൻ ചെയ്യാനുള്ള കഴിവ് 30
  2. തയ്യാറാക്കിയ വിഭവങ്ങളുടെ തെറാപ്യൂട്ടിക് മൂല്യം, രുചി, പോഷകഗുണം 30
  3. ഉപയോഗിക്കുന്ന വസ്തുക്കളുടെ ലഭ്യത, വിലക്കുറവ്, ആരോഗ്യകരമായ പാചക രീതി 20
  4. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാനുള്ള കഴിവ് 10
  5. തയ്യാറാക്കിയ വിഭവങ്ങളുടെ ക്രമീകരണവും അവതരണവും 10
മത്സര ഇനം 3

അക്വേറിയം സജ്ജീകരിക്കൽ

നിശ്ചിത സമയത്തിനുള്ളിൽ ശുദ്ധജല/കടൽജല അക്വേറിയം സജ്ജീകരിക്കുക എന്നതാണ് മത്സര ഇനം. ഗ്ലാസ് അഥവാ ബേക്കലൈറ്റ് ടാങ്കുകളിൽ ജലം നിറച്ച് മത്സ്യങ്ങൾ, ജലസസ്യങ്ങൾ ഇവയെ അലങ്കാരം മുൻനിർത്തി നിക്ഷേപിക്കേണ്ടതാണ്. ജലം ശുദ്ധീകരിക്കുവാനും, പ്രാണവായുവിന്റെ അളവ് നിലനിർത്തുവാനുമുള്ള ക്രമീകരണങ്ങൾ, പ്രകാശസംവിധാനം എന്നിവയും ടാങ്കിനോടൊപ്പം സജ്ജീകരിക്കാവുന്നതാണ്.

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി 3 മണിക്കൂറായിരിക്കും.
  • 50 ലിറ്റർ മുതൽ 80 ലിറ്റർ വരെ വ്യാപ്തിയുള്ള ടാങ്കുകൾ ഉപയോഗിക്കാവുന്നതാണ്.
  • ടാങ്കിന്റെ വലിപ്പത്തിനും ഉൾക്കൊള്ളാവുന്ന ജലത്തിനും ആനുപാതികമായി ജലസസ്യങ്ങളും, മത്സ്യങ്ങളും ടാങ്കിൽ നിക്ഷേപിക്കാവുന്നതാണ്. പരമാവധി നാലു ജോഡി മത്സ്യങ്ങളും, നാലിനം ജലസസ്യങ്ങളുമായി ഇവയെ പരിമിതപ്പെടുത്തേണ്ടതാണ്.
  • ടാങ്ക് സജ്ജീകരണത്തിനായി മണൽ, കല്ല്, തടികഷ്ണങ്ങൾ ഇവ ഉപയോഗിക്കാവുന്നതാണ്.
  • ടാങ്കിന് അനുയോജ്യമായ എയ്റേറ്റർ/ബയോഫിൽറ്റർ, പ്രകാശസംവിധാനം എന്നിവയും ഉപയോഗിക്കാവുന്നതാണ്.
  • ജലം ഉൾപ്പെടെ എല്ലാ ഘടകങ്ങളും മത്സരാർത്ഥികൾ കൊണ്ടു വരേണ്ടതാണ്.
  • കൃത്രിമ മത്സ്യങ്ങൾ/സസ്യങ്ങൾ, സീനറി ഷീറ്റുകൾ ഇവ ഉപയോഗിക്കുവാൻ പാടുള്ളതല്ല.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. ജൈവ വൈവിധ്യം 20
  2. സാങ്കേതികത്വം 30
  3. അവതരണം 10
  4. ആകർഷണീയത 40
മത്സര ഇനം 4

ഫ്ലവർ അറേഞ്ച്മെന്റ്

ഫ്ലവർ അറേഞ്ച്മെന്റ് എന്നത് പുഷ്പങ്ങളുടെ കലാപരമായ ക്രമീകരണമാണ്. വിവിധതരം പുഷ്പങ്ങൾ അവയുടെ നിറവും വലിപ്പവും അനുസരിച്ച് ആകർഷകമായി വിന്യസിക്കുന്നു. ഇവയുടെ വർണ്ണവിന്യാസം, തുലനം, പൊരുത്തം, ക്രമീകരണം, എല്ലാ കോണുകളിൽ നിന്നും നോക്കുമ്പോളുള്ള സൗന്ദര്യാത്മകത എന്നിവയെല്ലാം പരിഗണിച്ചാണ് പുഷ്പാലങ്കാരം ഒരുക്കേണ്ടത്.

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി 2 മണിക്കൂറായിരിക്കും.
  • പുഷ്പങ്ങൾ അടക്കം ആവശ്യമുള്ള എല്ലാ വസ്തുക്കളും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്.
  • പ്ലാസ്റ്റിക്ക്, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സസ്യങ്ങൾ, കൃത്രിമ പുഷ്പങ്ങൾ തുടങ്ങിയവ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
  • സുലഭമായും പ്രാദേശികമായും ലഭ്യമാകുന്ന പുഷ്പങ്ങൾ ഉപയോഗിക്കേണ്ടതാണ്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. സർഗാത്മകത 30
  2. വർണ്ണവിന്യാസം 20
  3. പുഷ്പ സമന്വയം — തുലനം 20
  4. ആലങ്കാരിക ഭംഗി 30
മത്സര ഇനം 5

വെജിറ്റബിൾ കാർവിംഗ്

പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവ ഉപയോഗിച്ച് അലങ്കാര രൂപങ്ങൾ നിർമ്മിക്കുന്ന കലയാണിത്. മേൽപ്പറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് മത്സരാർത്ഥികളുടെ ഭാവനയ്ക്കനുസരിച്ച് പൂക്കൾ, മൃഗങ്ങൾ, മറ്റ് വിവിധ കലാരൂപങ്ങൾ എന്നിവ നിർമ്മിക്കാവുന്നതാണ്.

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി 2 മണിക്കൂറായിരിക്കും.
  • പച്ചക്കറികൾ, ഫലവർഗങ്ങൾ, എന്നിവ മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.
  • പുഷ്പങ്ങൾ, പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കാൻ പാടില്ല.
  • ആവശ്യമുള്ള ആയുധങ്ങളും പച്ചക്കറികളും പഴങ്ങളും മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
  • പവർ ടൂൾസ്, സ്റ്റെൻസിലുകൾ മുതലായവ ഒഴിവാക്കേണ്ടതാണ്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. സർഗാത്മകത 25
  2. നൈപുണ്യം, പൂർണത 25
  3. ആലങ്കാരിക ഭംഗി 25
  4. മനോഹരമായ ക്രമീകരണം / അവതരണം 25
മത്സര ഇനം 6

മിനിയേച്ചർ ഗാർഡൻ

ചെറിയ പാത്രങ്ങളിലോ, ചെറിയ സ്ഥലങ്ങളിലോ തയ്യാറാക്കുന്ന, പൂന്തോട്ടങ്ങളുടെ ചെറുപതിപ്പുകളാണ് മിനിയേച്ചർ ഗാർഡൻ. ചെറിയ ചെടികൾ, ബഞ്ചുകൾ, പാതകൾ, പ്രതിമകൾ, ജലവിധാനങ്ങൾ, ജന്തുജാലങ്ങളുടെ രൂപങ്ങൾ, മറ്റ് പൂന്തോട്ട ഘടകങ്ങൾ എന്നിവ ഉപയോഗിച്ച് ചെറു പൂന്തോട്ടങ്ങൾ നിർമ്മിക്കാവുന്നതാണ്.

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി 2 മണിക്കൂറായിരിക്കും.
  • അവശ്യവസ്തുക്കൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
  • 30 സെ.മീ. × 30 സെ.മീ. വലുപ്പത്തിൽ വേണം നിർമ്മാണം നടത്തേണ്ടത്.
  • കൃത്രിമ ചെടികൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. സർഗാത്മകത 25
  2. ജൈവ വൈവിധ്യം 25
  3. നൈപുണ്യം 25
  4. പൂർണത, തുലനം, അനുപാതം 25
മത്സര ഇനം 7

ടെറേറിയം

ടെറേറിയം എന്നത് അടച്ചതോ, തുറന്നതോ ആയ ഗ്ലാസ് നിർമ്മിത സുതാര്യ പാത്രത്തിൽ, നിയന്ത്രിത പരിസ്ഥിതിയിൽ സസ്യങ്ങളെ ആലങ്കാരികമായി വളർത്തുന്ന പ്രക്രിയയാണ്.

നിർദ്ദേശങ്ങൾ

  • ആവശ്യ വസ്തുക്കൾ മത്സരാർത്ഥികൾ കൊണ്ടുവരണം.
  • മത്സര സമയം പരമാവധി 2 മണിക്കൂറായിരിക്കും.
  • പരമാവധി 2 ലിറ്റർ വ്യാപ്തമുള്ള ഗ്ലാസ് പാത്രം ഉപയോഗിക്കേണ്ടതാണ്.
  • കൃത്രിമ ചെടികൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. സർഗാത്മകത 25
  2. നടീൽ വസ്തുക്കളുടെ ഘടന, നിലവാരം, രൂപം 25
  3. സുസ്ഥിരത 25
  4. ആകർഷണീയത 25
മത്സര ഇനം 8

റോബോ ജീനിയസ് ചലഞ്ച് Competition based on Artificial Intelligence, Robotics and Programming

നിർമ്മിതബുദ്ധി സാങ്കേതിക വിദ്യ അതിവേഗം വികസിക്കുകയും വൻ സാദ്ധ്യതകൾ തുറക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. റോബോട്ടിക്സ്, നിർമ്മിതബുദ്ധി, വെർച്വൽ റിയാലിറ്റി എന്നിങ്ങനെയുള്ള നൂതന സാങ്കേതിക വിദ്യകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. പുതുതലമുറകളുടെ തൊഴിലിടങ്ങളിൽ ഇത്തരം നവീന സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം പ്രകടമാണ്. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ വ്യവസായ നയത്തിലേക്ക് നമ്മുടെ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ മേഖലയിലുള്ള കുട്ടികളുടെ കഴിവും താൽപര്യവും പരിപോഷിപ്പിക്കുക എന്നതാണ് റോബോ ജീനിയസ് ചലഞ്ച് എന്ന മൽസരം കൊണ്ട് ഉദ്ദേശിക്കുന്നത്.

നിർദ്ദേശങ്ങൾ

  • മത്സര സമയം രണ്ട് മണിക്കൂർ ആയിരിക്കും.
  • പ്രോഗ്രാമിംഗ് നടത്തുന്നതിനുള്ള ലാപ്പോപ്പ് മത്സരാർത്ഥികൾക്ക് നൽകുന്നതാണ്. മത്സരാർത്ഥികൾ കൊണ്ടുവരുന്ന ലാപ്പോപ്പുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല.
  • Arduino Uno Kit (Board, Jumper wires, bread board etc), വിവിധ സെൻസറുകൾ (LDR Sensor (2), IR Sensor (2), Soil moisture Sensor, Sound sensor, Ultrasonic Sound Sensor, Smoke Sensor, Temperature sensor), Servo motor, push button, Active buzzer, Mobile power bank, SMPS എന്നിവ മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്.
  • മത്സരം തുടങ്ങുന്നതിന് 10 മിനിറ്റ് മുൻപ് മത്സര വിഷയം നൽകുന്നതാണ്.
  • മത്സരാർത്ഥികൾ നിർമ്മിതബുദ്ധി, റോബോട്ടിക്സ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് Spot-ൽ നിർദ്ദേശിക്കപ്പെടുന്ന product തയ്യാറാക്കി പ്രവർത്തിപ്പിച്ച് കാണിക്കണം.
  • മത്സരത്തിന് ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകൾ: Arduino IDE, Python, PictoBlox.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. ആശയം 20
  2. കൃത്യതയോടെ പ്രവർത്തനം നടപ്പിലാക്കൽ 40
  3. നവീനത, സർഗാത്മകത 20
  4. പ്രസന്റേഷൻ 20
മത്സര ഇനം 9

കേക്ക് ഡെക്കറേറ്റിംഗ്

മത്സരാർത്ഥികളുടെ വൈദഗ്ധ്യവും സർഗാത്മകതയും ഉപയോഗിച്ച് ആകർഷകമായ തരത്തിൽ കേക്ക് അലങ്കരിച്ച് പ്രദർശിപ്പിക്കുക എന്നതാണ് ഈ മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. കേക്ക് ബേസ് തയ്യാറാക്കിക്കൊണ്ടുവരാവുന്നതാണ്.
പ്രത്യേക നിർദ്ദേശം കുട്ടികൾ ബേസ് കേക്ക് കൊണ്ടുവരണം; ഡെക്കറേഷൻ മാത്രമാണ് മത്സരസമയത്ത് ചെയ്യേണ്ടത്.

നിർദ്ദേശങ്ങൾ

  • മത്സര സമയത്തു നൽകുന്ന തീം അനുസരിച്ചാണ് കേക്ക് അലങ്കരിക്കേണ്ടത്.
  • കേക്കിന്റെ തൂക്കം 1 കിലോയിൽ കൂടാൻ പാടില്ല.
  • പരമാവധി ഉപയോഗിക്കാവുന്ന ലയറുകൾ 3 എണ്ണമാണ്.
  • ഏത് തരം കേക്കുകളും ബേസ് ആയി ഉപയോഗിക്കാവുന്നതാണ്.
  • കേക്കും, അലങ്കാരത്തിന് ഉപയോഗിക്കുന്ന ചേരുവകളും, ഇതിന് ഉപയോഗിക്കുന്ന പാത്രങ്ങൾ, ഉപകരണങ്ങൾ, ഇലക്ട്രിക് ബീറ്റർ എന്നിവയും അടക്കം എല്ലാ വസ്തുക്കളും മത്സരാർത്ഥി കൊണ്ടുവരേണ്ടതാണ്.
  • റഫ്രിജറേഷൻ സൗകര്യവും, ഇലക്ട്രിക് പ്ലഗ് പോയിന്റുകളും മത്സര വേദിയിൽ ഉണ്ടായിരിക്കുന്നതാണ്.
  • ഭക്ഷ്യയോഗ്യമായ അലങ്കാരങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ.
  • അമിതമായി ആർട്ടിഫിഷ്യൽ ഫുഡ് കളേഴ്സ് ഉപയോഗിക്കുവാൻ പാടില്ല.
  • മുൻകൂട്ടി നിർമ്മിച്ചതോ, വാങ്ങിയതോ ആയ അലങ്കാര വസ്തുക്കൾ അനുവദിക്കുന്നതല്ല.
  • പരമാവധി മത്സര സമയം 2 മണിക്കൂറായിരിക്കും.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. തീം പാലിക്കൽ 30
  2. വൈദഗ്ധ്യവും സർഗാത്മകതയും 30
  3. രുചി 20
  4. അവതരണം 20
മത്സര ഇനം 10

സ്പോട്ട് ഫോട്ടോഗ്രാഫി

മത്സര ദിവസം പ്രഖ്യാപിക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കി വേണം മത്സരാർത്ഥികൾ ഫോട്ടോ എടുക്കേണ്ടത്. വിഷയം പ്രകൃതി, ജനജീവിതം, സ്കൂൾ പരിസരം എന്നിവ പോലുള്ള വിവിധങ്ങളായ മേഖലകളിൽ നിന്നും ആയിരിക്കാം. ഏതെങ്കിലും ക്യാമറ (KITE മുഖാന്തിരം സ്കൂളുകളിൽ ലഭ്യമാക്കിയിരിക്കുന്നവ) ഉപയോഗിച്ച് ഫോട്ടോ എടുക്കാവുന്നതാണ്.
പ്രത്യേക നിർദ്ദേശം KITE മുഖേന ലഭ്യമാക്കിയ ക്യാമറ കുട്ടികൾ കൊണ്ടുവരണം; ഡാറ്റ ട്രാൻസ്ഫർ ചെയ്യാൻ കാർഡ് കരുതണം.

നിർദ്ദേശങ്ങൾ

  • മത്സര ദിവസം നിർദ്ദേശിച്ചിരിക്കുന്ന സമയത്ത് മാത്രമേ ഫോട്ടോ എടുക്കാവൂ.
  • മത്സര സമയം പൊതുവിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തുന്ന സംഘാടകർ (മത്സരത്തിന്റെ കൺവീനർ) അറിയിക്കുന്നതായിരിക്കും.
  • മത്സരാർത്ഥികൾ ഫോട്ടോയിൽ യാതൊരു വിധത്തിലുള്ള എഡിറ്റിംഗും (cropping, filters) ചെയ്യാൻ പാടില്ല.
  • മത്സരം കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ ഫോട്ടോകൾ ഡിജിറ്റൽ ഫോർമാറ്റിൽ (JPEG) സമർപ്പിക്കണം.
  • മത്സര സമയത്ത് ഫോട്ടോ എടുക്കുമ്പോൾ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം. തിരക്കേറിയ റോഡുകൾ, കെട്ടിടങ്ങളുടെ മുകളിൽ കയറുക തുടങ്ങിയ അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുക. ഫോട്ടോ പകർത്തുന്നതിനിടെ സുരക്ഷാമുൻകരുതലുകൾ പാലിക്കാത്തതുമൂലമുള്ള അപകടങ്ങൾക്ക് വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. നൽകിയ വിഷയത്തിൽ ചിത്രത്തിന്റെ പ്രസക്തി (തീമിനോടുള്ള യോജിപ്പ്, വ്യാഖ്യാനം) 40
  2. ക്രിയേറ്റിവിറ്റി ആൻഡ് ഇംപാക്റ്റ് (സ്റ്റോറിടെല്ലിംഗ്, ഇംപാക്റ്റ്, പെർസ്പെക്ടീവ്, ടൈമിംഗ്) 30
  3. ടെക്നിക്കൽ മികവ് (കോമ്പോസിഷൻ, ഫോക്കസ്, എക്സ്പോഷർ, നിറ വിന്യാസം) 30
മത്സര ഇനം 11

ഹോം പ്ലാൻ Plan — Prepare — Present

വീടിന്റെ പ്ലാൻ നൽകുന്നതാണ്. തയ്യാറാക്കേണ്ട വീടിന്റെ പ്ലാനിൽ ഉൾപ്പെടുത്തേണ്ട സൗകര്യങ്ങളുടെ വിശദാംശങ്ങൾ മത്സര സമയത്തു നൽകുന്നതാണ്. മത്സരാർത്ഥികളുടെ അറിവും ഭാവനയും മനോധർമ്മവും അനുസരിച്ച് വീടിന്റെ മുഴുവൻ പ്ലാൻ CAD ൽ നിശ്ചിത സമയത്തിനുള്ളിൽ വരച്ച് സമർപ്പിക്കേണ്ടതാണ്.

നിർദ്ദേശങ്ങൾ

  • ഓട്ടോകാഡ് ഇൻസ്റ്റാൾ ചെയ്ത ശേഷം കമ്പ്യൂട്ടർ/ലാപ്ടോപ്പ് കൊണ്ട് വരണം. (Libre CAD-ഉം ഉപയോഗിക്കാം)
  • മത്സരത്തിന് മുൻപ് ലാപ്പോപ്പ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
  • മത്സര സമയം പരമാവധി 3 മണിക്കൂറായിരിക്കും.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. സർഗാത്മകത, നവീനത 20
  2. പ്രകൃതി സൗഹൃദ നിർമാണം, സ്പേസിന്റെ മികച്ച ഉപയോഗം 20
  3. നൽകിയ വിഷയമായുള്ള ബന്ധം, കൃത്യത 20
  4. സാങ്കേതികമികവ് 20
  5. മികച്ച അവതരണം, ആധികാരികത 20
മത്സര ഇനം 12

ഗ്രാഫിക് ഡിസൈനിംഗ്

ചിത്രങ്ങളും ചിഹ്നങ്ങളും വാചകങ്ങളും ഉപയോഗിച്ച് മികച്ച ആശയങ്ങളുടെ ദൃശ്യ പ്രാതിനിധ്യം സൃഷ്ടിക്കുന്ന പ്രക്രിയയാണ് ഗ്രാഫിക് ഡിസൈനിംഗ്. പ്രിന്റ് മീഡിയയിലും ഡിജിറ്റൽ മീഡിയയിലും ഗ്രാഫിക് ഡിസൈന് പ്രാധാന്യം നാളുക്കുനാള് വർദ്ധിച്ചു വരികയാണ്. പരസ്യ മേഖല, ഡിജിറ്റൽ മാർക്കറ്റിംഗ്, ബിസിനസ്സ് ബ്രാൻഡിംഗ്, പ്രിന്റ് മീഡിയ തുടങ്ങിയവയിൽ ആവശ്യമായ പരസ്യങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ കുട്ടികളുടെ പങ്ക് പരിപോഷിപ്പിക്കുകയാണ് ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. വിഷയം മത്സരത്തിന് മുമ്പ് നൽകുന്നതാണ്.

നിർദ്ദേശങ്ങൾ

  • മത്സര സമയം 2 മണിക്കൂർ ആയിരിക്കും.
  • മത്സരം തുടങ്ങുന്നതിന് 5 മിനിറ്റ് മുൻപ് വിഷയം തരുന്നതായിരിക്കും.
  • ഡിസൈൻ ചെയ്യുന്നതിന് സ്വതന്ത്ര സോഫ്റ്റ്‌വെയറോ, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറോ ഉപയോഗിക്കാം.
  • നിർദ്ദേശിക്കപ്പെടുന്ന വലിപ്പത്തിലും റെസല്യൂഷനിലുമാണ് ഡിസൈൻ തയ്യാറാക്കേണ്ടത്.
  • ഡിസൈൻ പൂർത്തീകരിക്കുന്നതിലേക്ക് പെൻഡ്രൈവ് വഴി നൽകുന്ന ചിത്രങ്ങളും ഫയലുകളും കൂടി ഉപയോഗിക്കാം.
  • ഡിസൈൻ ചെയ്യുന്നതിനാവശ്യമായ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ കൊണ്ടു വരേണ്ടതാണ്.
  • സിസ്റ്റത്തിൽ ആവശ്യമായ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കണം. കൊണ്ടുവരുന്ന കമ്പ്യൂട്ടർ മുൻകൂട്ടി പരിശോധനയ്ക്ക് വിധേയമാക്കണം.
  • കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് കണക്ടിവിറ്റി പാടില്ല.
  • തയ്യാറാക്കുന്ന ഡിസൈൻ ഫയലുകൾ എഡിറ്റബിൾ ഫോർമാറ്റിലും ജെ.പി.ഇ.ജി. ഫോർമാറ്റിലും പ്രത്യേകം ഫോൾഡറിൽ കുട്ടിയുടെ രജിസ്റ്റർ നമ്പർ നൽകി സേവ് ചെയ്യണം.
  • തയ്യാറാക്കിയ ഡിസൈൻ വിധികർത്താക്കളെ കാണിച്ചതിനു ശേഷം മാത്രമേ ഹാളിനു പുറത്തു പോകാന്‍ പാടുള്ളൂ.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. ഡിസൈനിംഗിനായി നൽകിയ വിഷയമായുള്ള ബന്ധം, കൃത്യത 20
  2. പേജ് ലേ ഓട്ട്, കളർ കോഡിനേഷൻ 20
  3. സാങ്കേതിക മികവ്, റെസല്യൂഷൻ, ക്രോപ്പിംഗ് 20
  4. ആകർഷണീയത 20
  5. ഫോണ്ട്, ബാലൻസ്, ഹാർമണി, കോൺട്രാസ്റ്റ് 20
മത്സര ഇനം 13

പ്ലംബിംഗ് ഡിസൈൻ Plan — Prepare — Present

കെട്ടിടത്തിന്റെ പ്ലാൻ ലഭ്യമാകുന്നതാണ്. തന്നിരിക്കുന്ന വിഷയത്തിനോടൊപ്പമുള്ള വിശദാംശങ്ങൾ അനുസരിച്ച് പ്ലംബിംഗ് പ്ലാൻ തയ്യാറാക്കുകയും പ്ലംബിംഗ് പൂർത്തിയാക്കുകയും വേണം.
പ്രത്യേക നിർദ്ദേശം പങ്കെടുക്കുന്ന കുട്ടികൾ പ്ലംബിംഗ് യൂണിറ്റ് ഫിക്സ് ചെയ്യുന്നതിനായി 1.50 മീറ്റർ നീളവും വീതിയുമുള്ള ബോർഡും അനുബന്ധ സാമഗ്രികളും സ്വയം കൊണ്ടുവരണം.

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി 2 മണിക്കൂറായിരിക്കും.
  • പണി ആയുധങ്ങൾ മത്സരാർത്ഥികൾ തന്നെ കൊണ്ട് വരേണ്ടതാണ്.
  • മത്സരത്തിന് 5 മിനിറ്റ് മുൻപായി വിഷയം നൽകുന്നതാണ്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. സമയ ക്ലിപ്തത 10
  2. പ്ലംബിംഗ് ഡ്രോയിംഗിന്റെ സാങ്കേതിക മികവ് 20
  3. ശരിയായ ഉപകരണങ്ങൾ ഉപയോഗിക്കുക 10
  4. ചെലവ് കുറഞ്ഞതും പരിതസ്ഥിതിക്ക് അനുയോജ്യമായതുമായ ഡ്രോയിംഗ് 10
  5. കൃത്യമായ വിശദീകരണം നൽകൽ 10
  6. പ്ലംബിംഗ് പ്രവർത്തനത്തിന്റെ സാങ്കേതിക മികവ് 40
മത്സര ഇനം 14

എൽ.ഇ.ഡി. ബൾബ് നിർമ്മാണം

ഇലക്ട്രോണിക് ഘടകങ്ങൾ സംയോജിപ്പിച്ചുകൊണ്ട് എൽ.ഇ.ഡി. ബൾബ് നിർമ്മിക്കുകയും, നിർമിച്ച ബൾബ് പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തുകയും വേണം. ഇലക്ട്രോണിക് ഘടകങ്ങളെക്കുറിച്ചുള്ള അറിവും ഉൽപ്പന്ന നിർമ്മാണത്തിനുള്ള നൈപുണ്യ വികസനവും അതുവഴി സംരംഭകൻ ആകാനുള്ള ആത്മവിശ്വാസവും കുട്ടികൾക്ക് ലഭ്യമാക്കുക എന്നുള്ളതും, ഊർജ്ജസംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഉള്ള അവബോധം കുട്ടികൾക്കും സമൂഹത്തിനും ഒരുപോലെ ലഭ്യമാക്കുക എന്നുള്ളതും ഈ മത്സരത്തിന്റെ ലക്ഷ്യങ്ങളാണ്.

നിർദ്ദേശങ്ങൾ

  • ബൾബ് നിർമ്മാണത്തിനാവശ്യമായ ഘടകങ്ങൾ നൽകുന്നതാണ്.
  • നിർമ്മാണത്തിന് ആവശ്യമായ ഉപകരണങ്ങൾ സോൾഡറിംഗ് അയൺ, ഫ്ളക്സ്, ട്യൂസർ, സോൾഡറിംഗ് ലെഡ്, സ്ക്രൂഡ്രൈവർ, എക്സ്റ്റൻഷൻ ബോർഡ്, പഞ്ച് മെഷീൻ എന്നിവ മത്സരാർത്ഥി കൊണ്ടു വരേണ്ടതാണ്.
  • മത്സര സമയം പരമാവധി 1 മണിക്കൂർ ആയിരിക്കും.
  • സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് ആയിരിക്കണം മത്സരത്തിൽ പങ്കെടുക്കേണ്ടത്.
  • മത്സരാർത്ഥികൾക്ക് ഒരേപോലെയുള്ള ബൾബ് നിർമാണ കിറ്റുകൾ ലഭ്യമാക്കുന്നതാണ്.
  • B22, Cup, back cover, driver circuit, wire, LED inbuilt PCB, aluminium plate, തെർമ്മൽ പേസ്റ്റ് എന്നിവ വെവ്വേറെ നൽകുന്നതായിരിക്കും.
  • സ്റ്റാർ റെസിസ്റ്ററുകൾ ആവശ്യമുണ്ടെങ്കിൽ നൽകുന്നതായിരിക്കും.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. ഉത്പാദനക്ഷമത (ബൾബുകളുടെ എണ്ണം) 30
  2. ബൾബുകളുടെ പ്രവർത്തനക്ഷമത 30
  3. കൃത്യത, പൂർണത 20
  4. അവതരണം 20
മത്സര ഇനം 15

നെറ്റ് വർക്കിംഗ് ആൻഡ് ഇന്റർനെറ്റ് ഷെയറിംഗ്

ഫയൽ ഷെയർ ചെയ്യാൻ പറ്റുന്ന രീതിയിൽ കംപ്യൂട്ടറുകൾ തമ്മിൽ നെറ്റ്വർക്ക് ചെയ്ത് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക. കമ്പ്യൂട്ടർ നെറ്റ് വർക്കിംഗിൽ വൈദഗ്ധ്യം നേടുന്നതിലൂടെ ഈ മേഖലയിൽ മികച്ച തൊഴിൽ അവസരം നേടിയെടുക്കുന്നതിനും സംരംഭകൻ ആകുന്നതിനും പ്രാപ്തരാകുന്നു.

നിർദ്ദേശങ്ങൾ

  • മൽസര സമയം — പരമാവധി ഒന്നര മണിക്കൂർ ആയിരിക്കും.
  • മത്സരത്തിന് ആവശ്യമായ ഉപകരണങ്ങൾ/ഘടകങ്ങൾ: ലാപ്ടോപ്പ് - 3, യു.റ്റി.പി. കേബിൾ, ആർ.ജെ. 45 കണക്ടർ, ക്രിംപിംഗ് ടൂൾ, സ്വിച്ച്, വയർ കട്ടർ, ലാൻ ടെസ്റ്റർ എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
  • ഇന്റർനെറ്റ് സൗകര്യം ലഭ്യമായിരിക്കും.
  • സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. കൃത്യത, പൂർണത 20
  2. നെറ്റ് വർക്ക് ചെയ്യുന്നതിനും ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ഉള്ള വൈദഗ്ധ്യം 30
  3. നെറ്റ് വർക്കിംഗിനായി കമ്പ്യൂട്ടറുകൾ വിന്യസിക്കുന്ന രീതി 30
  4. വിഷയത്തെക്കുറിച്ചും ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുമുള്ള അറിവ് 20
മത്സര ഇനം 16

വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്

വിവര സാങ്കേതിക വിദ്യയിലെ ഒരു ജനകീയ സങ്കേതമാണ് വെബ്സൈറ്റുകൾ. ആധുനിക മനുഷ്യജീവിതവുമായി അഭേദ്യമായ ബന്ധമാണ് ഈ മേഖലയ്ക്ക് ഉള്ളത്. മനോഹരങ്ങളായ വെബ് പേജുകളാൽ കോർത്തിണക്കപ്പെട്ട വെബ്സൈറ്റുകൾക്ക് ശക്തി പകരുന്നത് വിവിധ ഡേറ്റാ ബേസുകളാണ്. ഇത്തരം സംവേദനാത്മക വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിന് വിവിധ വെബ് ഡെവലപ്മെന്റ് ടൂളുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നൈപുണികൾ ആവശ്യമാണ്. ഇതിൽ വെബ്പേജ് ഡിസൈൻ, പേജുകളുടെ കോർത്തിണക്കൽ, ഡേറ്റാബേസ് നിർമ്മാണം, കണക്ടിവിറ്റി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇന്ററാക്ടീവ് ആയ ഇത്തരം വെബ്സൈറ്റുകൾ തയ്യാറാക്കാനുള്ള കുട്ടികളുടെ കഴിവ് പരിശോധിക്കുക എന്നുള്ളതാണ് ഈ മത്സരം കൊണ്ടുദ്ദേശിക്കുന്നത്.

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി 2 മണിക്കൂറായിരിക്കും.
  • Front end development — HTML, CSS, Javascript, Jquery JS Library എന്നിവ മാത്രമേ ഉപയോഗിക്കാവൂ.
  • Back end Development — MySQL, PHP/Python എന്നിവ മാത്രമേ ഉപയോഗിക്കാവൂ.
  • വെബ്പേജുകൾ തയ്യാറാക്കുന്നതിന് Vscode, notepad++ പോലുള്ള ടെക്സ്റ്റ് എഡിറ്റർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാം.
  • ബേസിക് കോഡുകൾ ഓട്ടോ ജനറേറ്റ് ചെയ്യുന്നത് അനുവദനീയമാണ്.
  • ഓപ്പറേറ്റിംഗ് സിസ്റ്റം ഓപ്പൺ സോഴ്സ് ആയിരിക്കും.
  • കുട്ടികൾ കൊണ്ടു വരുന്ന ലാപ്ടോപ്പുകൾ മത്സരത്തിന് ഉപയോഗിക്കുവാൻ പാടുള്ളതല്ല.
  • മത്സരത്തിന് ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുവാൻ പാടുള്ളതല്ല.
  • വെബ്സൈറ്റ് തയ്യാറാക്കുന്നതിന് ആവശ്യമായ ചിത്രങ്ങൾ, ഓഡിയോ ഫയലുകൾ, വീഡിയോ ഫയലുകൾ, മത്സര വിഷയവുമായി ബന്ധപ്പെട്ട ചെറിയ കുറിപ്പ് എന്നിവ കുട്ടികൾക്ക് നൽകുന്ന ലാപ്ടോപ്പിൽ ലഭ്യമായിരിക്കും.
  • മത്സരം തുടങ്ങുന്നതിന് 10 മിനിറ്റ് മുൻപ് വിഷയം നൽകുന്നതാണ്.
  • മത്സരാർത്ഥിയുടെ നാമത്തിൽ തന്നെ സൃഷ്ടിക്കപ്പെട്ട ഫോൾഡറിൽ വെബ് പേജുകളും അനുബന്ധ ഫയലുകളും സേവ് ചെയ്യേണ്ടതാണ്.
  • വെബ് സൈറ്റുകൾ ഹോസ്റ്റ് ചെയ്യുന്നതിലെ പ്രായോഗികജ്ഞാനം കൂടി പരിശോധിക്കപ്പെടുന്നതാണ്.
  • മൂല്യനിർണ്ണയം പൂർത്തിയാക്കിയശേഷം മാത്രമേ കുട്ടികൾ മത്സരഹാളിൽ നിന്ന് പുറത്ത് പോകാൻ പാടുള്ളൂ.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. ആകർഷണീയത, വെബ് പേജുകളുടെ ഭംഗി 10
  2. ടാഗുകളുടെ ഗുണനിലവാരം, നാവിഗേഷൻ ലിങ്കുകളുടെ ഗുണനിലവാരം, പേജുകളുടെ എണ്ണം 10
  3. മൾട്ടി മീഡിയകളുടെ ഉപയോഗം 10
  4. Front end–back end communication development 10
  5. Database design 10
  6. PHP / Python coding style & neatness 10
  7. Verification and Validation 10
  8. Knowledge about SRS (Software Requirement Specification) 10
  9. Presentation Skill 10
  10. Overall Skill 10
മത്സര ഇനം 17

ഡ്രസ്സ് ഡിസൈനിംഗ്

ഒരു A3 സൈസ് പേപ്പറിൽ 10 Head Human croquis വരച്ച് അതിൽ വിധി കർത്താക്കൾ പറയുന്ന വിഷയത്തിനും ഡിസൈൻ വിശദാംശങ്ങൾക്കും അനുസരിച്ച് ഡ്രസ്സ് ഡിസൈൻ ചെയ്യേണ്ടതാണ്.
പ്രത്യേക നിർദ്ദേശം A3 സൈസ് പേപ്പർ സംഘാടകർ നൽകും.

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി 1.5 മണിക്കൂറായിരിക്കും.
  • A3 സൈസ് പേപ്പർ ഉപയോഗിക്കണം.
  • എച്ച്.ബി. പെൻസിൽ, മൈക്രോ ടിപ് പേന എന്നിവ ഉപയോഗിക്കാവുന്നതാണ്.
  • ഏതുതരം കളറും ഉപയോഗിക്കാം.
  • തുണിയുടെ ടെക്സ്ചർ ഡിസൈനിംഗിൽ കൊണ്ടു വരേണ്ടതാണ്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. തന്നിരിക്കുന്ന വിഷയവുമായുള്ള കൃത്യത 40
  2. ചിത്രത്തിന്റെ പൂർണ്ണത 20
  3. നിറങ്ങളുടെ യോജിപ്പ് 20
  4. സർഗാത്മകത, നവീനത 10
  5. മൊത്തത്തിലുള്ള ഭംഗി 10
മത്സര ഇനം 18

ഹെയർ സ്റ്റൈലിംഗ്

ഡമ്മിയിലോ, ക്ലയന്റ് എന്ന രൂപത്തിൽ കൂടെ കൊണ്ടുവന്നിരിക്കുന്ന വിദ്യാർത്ഥിനിയുടെ തലമുടിയിലോ, തന്നിരിക്കുന്ന തീമിനെ അടിസ്ഥാനമാക്കി ഹെയർ സ്റ്റൈലിംഗ് ചെയ്യേണ്ടതാണ്.

നിർദ്ദേശങ്ങൾ

  • മത്സര സമയം പരമാവധി ഒന്നര മണിക്കൂറായിരിക്കും.
  • ഹെയർ സ്റ്റൈലിംഗിന് ആവശ്യമായ ഉപകരണങ്ങൾ, അലങ്കാരത്തിനുള്ള ആക്സസറീസ് എന്നിവ ഉപയോഗിക്കാവുന്നതാണ്.
  • മത്സരത്തിനുള്ള ഡമ്മി അല്ലെങ്കിൽ ക്ലയന്റ് എന്ന രൂപത്തിൽ മറ്റൊരു വിദ്യാർത്ഥിനി — ഇവയിൽ ഏതെങ്കിലും ഒന്ന് മത്സരാർത്ഥികൾ തന്നെ കൊണ്ട് വരേണ്ടതാണ്.
  • ഹെയർ സ്റ്റൈലിംഗിന് ആവശ്യമായ ഉപകരണങ്ങളും അനുബന്ധ വസ്തുക്കളും മത്സരാർത്ഥികൾ തന്നെ കൊണ്ട് വരേണ്ടതാണ്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. വിഷയത്തിന് അനുയോജ്യമായ അലങ്കാരം 30
  2. അനുയോജ്യമായ അലങ്കാര വസ്തുക്കളുടെ ഉപയോഗം 10
  3. മൊത്തത്തിലുള്ള ഭംഗിയും പൂർണ്ണതയും 30
  4. സർഗാത്മകതയും നവീനതയും 30
മത്സര ഇനം 19

മെഹന്തി ഡിസൈനിംഗ്

കൈപ്പത്തിയിൽ മയിലാഞ്ചി കോൺ ഉപയോഗിച്ച് വ്യത്യസ്തവും ആകർഷകവുമായ ഡിസൈനുകൾ വരയ്ക്കേണ്ടതാണ്. മത്സര സമയത്ത് ലഭ്യമാക്കുന്ന തീം അനുസരിച്ചാണ് ഡിസൈനിംഗ് ചെയ്യേണ്ടത്.
പ്രത്യേക നിർദ്ദേശം മെഹന്ദി കോൺ സംഘാടകർ നൽകും.

നിർദ്ദേശങ്ങൾ

  • മത്സര സമയത്ത് നൽകുന്ന മെഹന്തി കോൺ ഉപയോഗിച്ചാവണം ഡിസൈനിംഗ് ചെയ്യേണ്ടത്.
  • മത്സര സമയം പരമാവധി ഒരു മണിക്കൂറായിരിക്കും.
  • കൃത്രിമ കളറുകൾ ഉപയോഗിക്കാൻ പാടില്ല.
  • മത്സര സമയത്തു ലഭ്യമാക്കുന്ന തീം അനുസരിച്ചാണ് ഡിസൈനിംഗ് ചെയ്യേണ്ടത്.
  • കൈപ്പത്തിയിൽ ഡിസൈൻ ചെയ്യാനായി ക്ലയന്റ് എന്ന രീതിയിൽ മറ്റൊരു വിദ്യാർത്ഥിനിയെ കൂടെ കൊണ്ട് വരേണ്ടതാണ്.

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. തന്നിരിക്കുന്ന വിഷയവുമായുള്ള യോജിപ്പ് 30
  2. മൊത്തത്തിലുള്ള ഭംഗി 30
  3. പൂർണ്ണത 20
  4. സർഗാത്മകത 20
രജിസ്റ്റർ

2 Comments